ജിഫ്രി തങ്ങളും സ്വാദിഖ് അലി തങ്ങളും തമ്മിൽ കൂടിക്കാഴ്ച്ച, സമസ്തയിലെ വീഭാഗിയത പ്രശ്ന പരിഹാരത്തിന് പുതിയ സമിതി

സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമിതിയെ നിയോ​ഗിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷൻ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്.

സമസ്തയിലെ ലീഗുകാരും ഇടത് അനുഭാവികളും- എന്നായിരുന്നു വിഭാഗീയത വേരുറച്ചു പോയപ്പോൾ, ഇരുവിഭാഗങ്ങൾക്കും കിട്ടിയ മേൽവിലാസം. അസ്വാരസ്യങ്ങൾ സമസ്തയിലെ പോഷക സംഘടനകളിലൂടെ താഴെത്തട്ടിൽ വരെ വേരൂന്നി. സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ വിഭാഗീയത പടര്‍ന്നുപിടിച്ചു. മുസ്ലിം ലീഗിന് മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പ് എന്ന കടമ്പയുണ്ട്. സമസ്തയിലെ വിഭാഗീയത ലീഗിനും തലവേദനയാണ്. പലകുറി അനുനയ നീക്കങ്ങൾ നടന്നിട്ടും ഫലം കാണാത്തത്ര ആഴത്തിലുള്ളതാണ് വിഭാ​ഗീയത. ഒടുവിൽ വിഷയം പരിഹരിക്കാനുറച്ചാണ് പുതിയ ശ്രമവുമായി മുന്നോട്ട് പോവുന്നത്. പ്രശ്ന പരിഹാരത്തിന് പുതിയ സമിതിയെ നിയോ​ഗിച്ചു കഴിഞ്ഞു. ജിഫ്രി തങ്ങളും സാദിഖലി തങ്ങളും മലപ്പുറത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഒമ്പതംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

ഇരു തങ്ങന്മാര്‍ക്കും പുറമെ, സമസ്ത മുശാവറ അംഗങ്ങളായ എംടി അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമർ മുസ്ലിയാർ, മൂസക്കുട്ടി ഹസ്രത്ത് എന്നിവരേയും അംഗങ്ങളാക്കി. മൂസക്കുട്ടി ഹസ്രത്തിനെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചതിൽ തന്നെ പ്രതീക്ഷയെന്ന് വിലയിരുത്തുന്നുണ്ട് ഇരുവിഭാഗവും. പികെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം സൈനുൽ ആബിദീൻ സഫാരിയും സമിതിയിലുണ്ട്. ഇരു ചേരികളിലേയും പ്രധാനികളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരും അനുനയ ചര്‍ച്ചകളിലുണ്ടാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply