ജാതി സെൻസസ്: 10 ദിവസം അവധി! സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കെല്ലാം അവധി ബാധകം

ജാതി സർവേ പൂർത്തിയാക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അവധി തീരുമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അധ്യാപക സംഘടനകൾ സർവേ പൂർത്തിയാക്കാൻ 10 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സർവേയായ ജാതി സെൻസസ്, സെപ്റ്റംബർ 22 ന് ആരംഭിച്ചെങ്കിലും പല ജില്ലകളിലും പ്രക്രിയ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് അവധി നീട്ടിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് വിധാൻ സൗധയിൽ ചേർന്ന അവലോകന യോഗത്തിൽ സർവേയുടെ പുരോഗതി വിലയിരുത്തി. ശേഷമാണ് സ്കൂളുകൾക്ക് 10 ദിവസം അവധി പ്രഖ്യാപിച്ചത്.

പ്രതീക്ഷിച്ച വേഗതയിൽ സർവെ പൂർത്തിയാക്കാനായില്ല
ക‍ർണാടകയിലെ ജാതി സർവെ അടുത്ത പത്ത് ദിവസത്തിൽ തീർക്കാനാകുമെന്നാണ് സ‍ർക്കാരിന്‍റെ പ്രതീക്ഷ. വിവിധ ജില്ലകലിലെ സർവെയുടെ അവസ്ഥ സർക്കാർ വിലയിരിത്തി. കൊപ്പൽ ജില്ലയിൽ 97 ശതമാനം സർവേ പൂർത്തിയായപ്പോൾ, ദക്ഷിണ കന്നടയിൽ 67 ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്. ഈ വ്യത്യാസം കണക്കിലെടുത്താണ് സർവേ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്. സംസ്ഥാനത്തുടനീളം പ്രതീക്ഷിച്ച വേഗതയിൽ സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സെപ്റ്റംബർ 22 ന് തുടങ്ങിയ സർവെ ഇനിയും അധികം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം വിവരിച്ചു. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം പിന്നാക്ക വകുപ്പാണ് ജാതി സർവേ നടത്തുന്നത്. 420 കോടി രൂപ ചെലവിലാണ് സർവെ നടത്തുന്നത്. സംസ്ഥാനത്തെ 1.43 കോടിയിലേറെ വീടുകൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവെയെന്ന് മുഖ്യമന്ത്രി വിവരിച്ചു. ജാതി സെൻസസ് നടത്തുന്ന രീതിയിലും അതിലെ ചോദ്യങ്ങളുടെ സ്വഭാവത്തിലും മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബി ജെ പി ആദ്യം തൊട്ടേ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്. സർവെ വൈകുന്നതും ബി ജെ പി ആയുധമാക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് നടപടികൾ വേഗത്തിലാക്കാൻ അവധി പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply