ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണം; പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും ഖാർഗെയും

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രം​ഗത്ത്. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആക്രമണം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഏകീകൃത പ്രതികരണത്തിന്റെ ആവശ്യകതയുണ്ടെന്നും രാഹുൽ ​ഗാന്ധി കത്തിൽ പറയുന്നു.

പഹൽഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു. ഈ നിർണായക സമയത്ത് ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ കാണിക്കണം. ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാൻ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. അത്തരമൊരു സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് അഭ്യർഥിക്കുന്നു എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആക്രമണത്തിൽ സംയുക്ത നിലപാട് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിരിക്കും നിർദിഷ്ട സമ്മേളനം എന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply