ഫെമ കേസിൽ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇ ഡി ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു നിന്നു.
ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു നേരത്തെ പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജൻസി എക്‌സിൽ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉൾപ്പെടെയാണ് ഇഡി വിവരങ്ങൾ പങ്കുവച്ചത്.
ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരിൽ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ളവരിൽ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷൻ 3(ബി)യുടെ ലംഘനമാണെന്നും ഇ ഡി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

