ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയായ ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്നും സിംഹത്തെ കാണാതായി. നാല് ദിവസമായി അധികൃതർ ആറ് വയസ്സുള്ള ഷേരു എന്ന സിംഹത്തിനായി തിരച്ചിൽ തുടരുകയാണ്. മൃഗശാലയിലെ സഫാരി മേഖലയിലാണ് തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമറകളും ഉപയോഗിച്ചാണ് സിംഹത്തെ കണ്ടെത്താൻ ശ്രമിക്കുന്നത്.
ബംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മൂന്ന് വർഷം മുമ്പ് വണ്ടല്ലൂരിൽ എത്തിച്ച ഷേരുവിനെ വ്യാഴാഴ്ചയാണ് മൃഗശാലയിലെ അരിജ്ഞർ അണ്ണാ മൃഗശാലയുടെ ഭാഗമായ സഫാരി മേഖലയിലേക്ക് ആദ്യമായി തുറന്നുവിട്ടത്. സാധാരണയായി രാത്രി ഭക്ഷണ സമയമാകുമ്പോൾ സിംഹം തിരികെ വരുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഇതുവരെ സിംഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സന്ദർശകർ വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ അടുത്തു കാണുന്നതിനായി 20 ഹെക്ടർ വിസ്തൃതിയുള്ള സ്വാഭാവിക വനഭൂമിയാണ് ഇവിടെ സഫാരിക്കായി ഉപയോഗിക്കുന്നത്. ഒരു സമയം രണ്ട് സിംഹങ്ങളാണ് ഈ മേഖലയിൽ ഉണ്ടാവുക. പ്രായമായ സിംഹത്തിനു പകരം ഷേരുവിനെ തുറന്നുവിടാൻ തീരുമാനിക്കുകയായിരുന്നു. പുതിയ സ്ഥലവുമായി സിംഹം പൂർണ്ണമായും ഇണങ്ങാത്തതിനാലാണ് അത് തിരികെ വരാത്തതെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം. കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലങ്ങളിൽ ഒളിച്ചിരുന്നാൽ സിംഹത്തെ കണ്ടെത്താൻ എളുപ്പമല്ല.
സഫാരി മേഖലയ്ക്ക് ചുറ്റും 15 അടി ഉയരമുള്ള ഇരുമ്പു കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിംഹത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് അധികൃതർ ഉറപ്പുനൽകുന്നത്. എന്നിരുന്നാലും, മൃഗശാലയോട് ചേർന്നുള്ള കോലാപ്പാക്കം, നെടുങ്കുണ്ട്രം, ആലപ്പാക്കം, സദാനന്ദപുരം, ഒട്ടേരി, കീലമ്പാക്കം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ ആശങ്കയിലാണ്.സിംഹത്തെ കാണാതായതിനെ തുടർന്ന് മൃഗശാലയിലെ സഫാരി മേഖല അടച്ചിട്ടിരിക്കുകയാണ്. എങ്കിലും മൃഗശാലയുടെ മറ്റു ഭാഗങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

