ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ; ‘കനത്ത ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ’; കോടതിയിൽ വിശ്വാസമുണ്ടെന്ന് അതുല്യയും അഖിലയും

നെൻമാറ പോത്തുണ്ടി സജിത വധക്കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന കോടതിവിധിയിൽ പ്രതികരണവുമായി കുടുംബം. കനത്ത ശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധിയിൽ സന്തോഷമെന്നും സജിതയുടെ കുടുംബം. ‘വിധിയിൽ ആശ്വാസമുണ്ട്. അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കോടതിയിൽ വിശ്വാസമുണ്ട്. 16ാം തീയതി ആകട്ടെ’ എന്നാണ് കുടുംബത്തിന്റെ പ്രതികരണം. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് ശിക്ഷാവിധി

അതേ സമയം, പ്രതി ചെന്താമരയെ ഭയന്ന് സജിത വധക്കേസിലെ പ്രധാന സാക്ഷി നാടുവിട്ടിരിക്കുകയാണ്. കേസിലെ നിര്‍ണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് പോയത്. കേസ് അന്വേഷണത്തിൽ നിര്‍ണായകമായത് പുഷ്പയുടെ മൊഴിയാണ്. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്കുശേഷം ചെന്താമര വരുന്നത് പുഷ്പയാണ് കണ്ടത്. ഇതുസംബന്ധിച്ച് പൊലീസിന് മൊഴിയും നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു.

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply