ചരക്ക് കപ്പല്‍ തീപിടിത്തം; രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു

കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ ആറു പേരെയാണ് ആശുപത്രിയിലെത്തിച്ചത്. ചൈന സ്വദേശികളായ ലൂ യെൻലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാൻ സ്വദേശി സോണിറ്റുൽ ഹസൈനി, മ്യാൻമർ സ്വദേശികളായ തെയ്ൻലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്. ചൈന സ്വദേശി ലൂ യെൻലി, തായ് വാൻ സ്വദേശി സോണിറ്റുൽ ഹസൈനി എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം.

Leave a Reply