ഗാസ യുദ്ധം തുടങ്ങിയശേഷം അമേരിക്ക ഇസ്രയേലിന് നല്‍കിയത് 2170 കോടി ഡോളര്‍ സൈനിക സഹായമെന്ന് റിപ്പോര്‍ട്ട്

ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം അമേരിക്ക ഇതുവരെ ഇസ്രയേലിന് സൈനിക സഹായമായി 21.7 ബില്യണ്‍ യു എസ് ഡോളര്‍ ( 2170 കോടി ഡോളര്‍ ) നല്‍കിയതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് രണ്ടു വര്‍ഷത്തിനിടെ, ബൈഡന്‍- ട്രംപ് ഭരണകൂടങ്ങളാണ് ഇസ്രയേലിന് ഈ സഹായം നല്‍കിയത്. ഹമാസ് 2023 ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സിലെ കോസ്റ്റ്സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സഹായത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി യുഎസ് ഏകദേശം 10 ബില്യണ്‍ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി പറയുന്നു. ഓപ്പണ്‍ സോഴ്സ് മെറ്റീരിയലിനെ ആശ്രയിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന് നല്‍കിയ സൈനിക സഹായത്തിന്റെ തുകയെക്കുറിച്ച് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവന്നത്.

യുഎസ് സഹായമില്ലാതെ ഗാസയില്‍ ഹമാസിനെതിരായ യുദ്ധം തുടരാന്‍ ഇസ്രയേലിന് സാധിക്കില്ലായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ ഉഭയകക്ഷി കരാറുകള്‍ പ്രകാരം ഇസ്രയേലിന് ഭാവിയില്‍ പതിനായിരക്കണക്കിന് ഡോളര്‍ ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ട്രംപിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രയേല്‍- ഹമാസ് അധികൃതര്‍ ഈജിപ്റ്റില്‍ ചര്‍ച്ച ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യു എസ് മുന്നോട്ടു വെച്ച ഫോര്‍മുല ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെയാണ് സമാധാനത്തിന് വഴിതെളിഞ്ഞത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply