കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേസ്; നടത്തിപ്പുകാരിൽ പോലീസുകാരനും ഉണ്ടെന്ന് സൂചന

കോഴിക്കോട് മലാപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ പോലീസുകാരനും ഉണ്ടെന്ന് സൂചന. വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായ പൊലീസുകാരനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരം അതിഥിയായ കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ മറ്റൊരു ഡ്രൈവർക്കെതിരെയും അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിൻറെ പിടിയിലായത്. പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായിരുന്ന പൊലീസുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായവരുടെ ഫോൺ പരിശോധനയിൽ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് ദിനംപ്രതി പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാർ പണം അയച്ചിരുന്നു. കൂടാതെ ഇവിടെ സ്ഥിരം അതിഥിയായ കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ മറ്റൊരു ഡ്രൈവർക്കെതിരെയും നടക്കാവ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരുവർക്കും എതിരായ അന്വേഷണം റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

Leave a Reply