കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ജില്ലാ കളക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.
അതേസമയം സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങൾ തുടർന്നേക്കും. വിവിധ പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. എന്നാൽ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങൾ ശക്തമായി തുടരാനാണ് പ്രതിപക്ഷ സംഘടകളുടെ തീരുമാനം.