കൊവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് തുണയായി സുപ്രീം കോടതി

കൊവിഡ് കാലത്ത് ജീവൻ നഷ്ടമായ സ്വകാര്യ ക്ലിനിക്കുകളിലെയടക്കം ഡോക്‌ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ ശക്തമായ നിരീക്ഷണവുമായി സുപ്രീം കോടതി. ‘ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,’ – എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ലാഭത്തിനായി പ്രവർത്തിക്കുന്നവരെന്ന വാഗം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.

മരിച്ച ആരോഗ്യപ്രവർത്തകർ സർക്കാർ ജീവനക്കാരല്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രധാൻ മന്ത്രി ഇൻഷുറൻസ് സ്കീം പോലുള്ള മറ്റ് പദ്ധതികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവും നൽകി. ബോംബെ ഹൈക്കോടതി 2021 മാർച്ച് ഒൻപതിന് പുറപ്പെടുവിച്ച വിധിക്കെതിരെ പ്രദീപ് അറോറ എന്ന വ്യക്തിയടക്കം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതായിരുന്നു ഹൈക്കോടതി വിധി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply