കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കി സിനഡിക്കേറ്റ് ഉത്തരവിറക്കി. സിനഡിക്കേറ്റിന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തുടർന്ന് അദ്ദേഹം ഇന്ന് സർവകലാശാലയിൽ എത്തി വീണ്ടും ചുമതലയേറ്റെടുത്തു.ഇന്ന് തന്നെ ചുമതലയെടുക്കാൻ സിൻഡിക്കേറ്റ് നിർദ്ദേശം നൽകിയതനുസരിച്ചാണ് വൈകുന്നേരം 4.30ന് യൂണിവേഴ്സിറ്റിയിലെത്തി പ്രൊഫ. അനിൽകുമാർ ചുമതലയേറ്റെടുത്തത്
കേരള യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്‌പെന്റ് ചെയ്ത വിസിയുടെ നടപടി സിൻഡിക്കേറ്റ് പ്രത്യേക യോഗം ചേർന്നാണ് ഇന്ന് റദ്ദ് ചെയ്തത്. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറികടന്നായിരുന്നു തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ റദ്ദ് ചെയ്തത്. എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമ സാധുതയില്ലെന്നുമായിരുന്നു വിസി സിസ തോമസ് പ്രതികരിച്ചത്.റജിസ്ട്രാറുടെ സസ്‌പെൻഷൻ നടപടി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് സെനറ്റ് ഹാളിൽ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റജിസ്ട്രാർ റദ്ദാക്കുകയായിരുന്നുവെന്നും ഗവർണ്ണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിസിയുടെ നടപടി. നിലവിൽ വിസി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സിസ തോമസാണ്.