കേരള ചരിത്രത്തിൽ ഇത്രയും കഴിവുകെട്ട വനംമന്ത്രി ഉണ്ടായിട്ടില്ലെന്ന വിമർശനവുമായി കെ മുരളീധരന്‍

വഴിക്കടവിലെ പന്നിക്കണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ വനം മന്ത്രി എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധരന്‍. പറഞ്ഞതിൽ നിന്ന് ഇന്നും മന്ത്രിക്ക് പൂർണമായി മാറാൻ കഴിഞ്ഞിട്ടില്ലെന്നും ഗൂഢാലോചന എന്നാണ് ഇന്നലെ പറഞ്ഞത് ഗൂഢാലോചന സംശയിക്കുന്നു എന്നാണ് ഇന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. മന്ത്രി അങ്ങനെ സംശയിക്കാൻ പാടില്ല. മന്ത്രി സംശയിക്കേണ്ട ആളല്ല, അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആളാണ്. തരം താണ പ്രസ്താവനയാണ് ഇന്നലെ മന്ത്രി നടത്തിയത്. ഇന്നും അതിന്‍റെ സമാനരൂപമാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വനമന്ത്രിയെ സംരക്ഷിക്കുന്നത് ദുർബലരെ കൂടെ കൂട്ടി സ്വന്തം കഴിവ് ഫോക്കസ് ചെയ്യുന്നതിന് വേണ്ടിയാകാം. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്രയും കഴിവ് കെട്ട മന്ത്രി വനം വകുപ്പിന് ഉണ്ടായിട്ടില്ല. ഏതുതരത്തിലുള്ള അന്വേഷണത്തെയും പ്രതിപക്ഷം സ്വാഗതം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply