ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
കേരളീയരെ സംമ്പന്ധിച്ച് പുതിയ മാർപാപ്പ ലിയോ പതിനാലാമനെ കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യം അദ്ദേഹത്തിന്റെ കേരള സന്ദർശനം തന്നെയാണ്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ (ഒ.എസ്.എ) സുപ്പീരിയർ ജനറൽ ആയിരുന്ന വേളയിൽ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുള്ള വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ. 2004 ഏപ്രിൽ 22നാണ് കൊച്ചി കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് ലിയോ പതിനാലാമൻ എത്തിയത്.
അഗസ്റ്റീനിയൻ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം. അഗസ്റ്റിൻ സഭയുടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും വിശുദ്ധ കുർബാന അർപ്പിച്ചിട്ടുള്ള മാർപാപ്പ, കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിൽ ഏതാനും ദിവസം താമസിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മാർപാപ്പയുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുന്നുവെന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്ക സഭയും വ്യക്തമാക്കി.
അമേരിക്കയിലെ ഷിക്കാഗോയിൽ 1955 സെപ്റ്റംബർ 14നാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തിന്റെ ജനനം. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിൻ ഓർഡറിൽ സഭയിൽ ചേർന്നു.
1987-ലാണ് അദ്ദേഹം വൈദികനായി അഭിഷിക്തനാകുന്നത്. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. ലാറ്റിനമേരിക്കൻ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികൾ നേരിട്ടനുഭവിച്ച അദ്ദേഹം‘ദരിദ്രർക്കായുള്ള സഭ’ എന്ന ദർശനത്തിന്റെ വക്താവായി മാറി. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. പിന്നീട് 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2 വർഷത്തിനുള്ളിൽ ഇപ്പോഴിതാ മാർപാപ്പ പദവിയിലുമെത്തി.
സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) യുടെ പേര് സ്വീകരിച്ചതോടെ നയം വ്യക്തമാക്കി പുതിയ മാർപാപ്പ; സഭ ദരിദ്രർക്കും പോരാടുന്നവർക്കുമൊപ്പം നിലനിൽക്കും. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്നത് പാശ്ചാത്യലോകത്ത് സഭയുടെ സ്വാധീനം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തു. വോട്ടവകാശമുള്ള കർദിനാൾമാരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം (89 വോട്ട്) ലഭിച്ചതോടെയാണ് യുഎസിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. വെളുത്ത പുക ഉയർന്നതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

