കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ

2026ൽ തമിഴ്നാട്ടിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ. 2026ൽ അമേരിക്കയിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞാലും തമിഴ്നാട്ടിൽ ജയിക്കുമെന്ന് കരുതേണ്ടെന്ന് പാർട്ടി വക്താവ് ഡോ. സയീദ് ഹഫീസുല്ല പറഞ്ഞു. 2026ൽ തമിഴ്നാട്ടിലും ബംഗാളിലും ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഇതിനാണ് ഡി.എം.കെ വക്താവ് മറുപടി നൽകിയത്. 2026ൽ ഒരുപക്ഷേ അമേരിക്കയിൽ പോലും ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാൻ വിദൂര സാധ്യതയുണ്ടായേക്കാം. തമിഴ്നാട്ടിൽ അത് നടക്കില്ല. 39,000 കോടിയുടെ അഴിമതി ആരോപണവുമുയർത്തി സങ്കൽപ്പ ലോകത്ത് ജീവിക്കുകയാണ് ബി.ജെ.പിയെന്ന് ഡോ. സയീദ് ഹഫീസുല്ല പറഞ്ഞു.

2026ലാണ് തമിഴ്നാട്ടിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് പ്രവർത്തനം സജീവമാക്കാനാണ് ബി.ജെ.പി നീക്കം. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റുകയും എന്‍. നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് വട്ടമാണ് അമിത് ഷാ തമിഴ്നാട് സന്ദർശിച്ചത്.

Leave a Reply