കെപിസിസി പ്രസിഡൻ്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോയി. തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവർത്തകർ ഒരുക്കിയ വേദിയിൽ എംഎൽഎ കാര്യങ്ങൾ വിശദീകരിച്ചു. നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത്. നവകേരള സദസ്സ് തന്നെ ബഹിഷ്കരിച്ച എംഎൽഎ, ക്രെഡിറ്റ് എടുക്കാൻ നോക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രതിഷേധത്തിനൊടുവിൽ നഗരസഭ ചെയർപേഴ്സൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

