കൂരിയാട് ദേശീയ പാത തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണ്; വിശദീകരണവുമായി കമ്പനി

മലപ്പുറം കൂര്യാട് ദേശീയ പാത 66 (NH 66) തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര – വളാഞ്ചേരി റീച്ചിന്റെ നിര്‍മാണം നടത്തുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജലന്ധര്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികള്‍ ദുര്‍ബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകള്‍ രൂപം കൊണ്ടതുമാണ് പാത തകരാന്‍ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നല്‍കുന്ന വിശദീകരണം.

നിര്‍മാണത്തില്‍ ഉടനീളം പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎന്‍ആര്‍സി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധര്‍ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന് മുന്‍പ് ഡിസൈന്‍ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി ഡയറക്ടര്‍ അറിയിച്ചു.

റോഡ് തകര്‍ന്ന സ്ഥലത്ത് വയഡക്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതല്‍ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കുന്നു. രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമാണ് നിര്‍മിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും കമ്പനി വിശദീകരിക്കുന്നു.

Leave a Reply