കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
അതേസമയം കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ രൂക്ഷ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആളുകൾക്കെതിരെ നടപടി വേണമെന്നും ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വെളളാപ്പള്ളി പറഞ്ഞു. ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.