കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുന്നു

ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രം ലോകമെമ്പാടുമായി 400 കോടി കലക്ഷൻ നേടിയിരുക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ ഭാഗമായ കാന്താരയുടെ മൊത്തം കലക്ഷനെ വെറും ആറ് ദിവസം കൊണ്ട് രണ്ടാം ഭാഗം മറികടന്നിരിക്കുകയാണ്. ഇതോടെ, കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ‘കാന്താര ചാപ്റ്റർ 1’ മാറി. ഈ വർഷം 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാൻ കാന്താരക്ക് സാധിക്കുമോ എന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ ടീസറോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

ആദ്യ ദിനം കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് വിവരം. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.

അതേസമയം, ആരാധകരുടെ ചില ആഘോഷ പ്രകടനങ്ങൾ സിനിമ പ്രവർത്തകർക്ക് തലവേദനയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ സിനിമിയിലെ ‘ദൈവ’ കഥാപാത്രത്തിനെ അനുകരിച്ച് വേഷം കെട്ടി തിയറ്ററിലും പരിസരങ്ങളിലും എത്തിയ വിഡിയോ അനുമോദനങ്ങൾക്കൊപ്പം എറെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് ദൈവ കഥാപാത്രത്തിന്‍റെ വേഷം അനുകരിക്കുന്നത് ആരാധകർ അവസാനിപ്പിക്കണമെന്ന് കാന്താര ചാപ്റ്റർ വൺ ടീമിന്‍റെ നിർമാതാക്കൾ ഒദ്യോഗികമായി അറിയിച്ചു. ദൈവങ്ങളെ പൂർണമായും ബഹുമാനിച്ചു കൊണ്ടാണ് തങ്ങൾ സിനിമയിൽ ദൈവ കഥാപാത്രത്തെ അവതരിപ്പിച്ചുട്ടുള്ളതെന്നും അത് തമാശക്കു വേണ്ടിയോ അല്ലാതെയോ അനുകരിക്കരുതെന്നും വ്യക്തമാക്കിയ നിർമാതാക്കൾ കഥാപാത്രത്തിന് നൽകിയ സ്വീകാര്യതയിൽ നന്ദിയും അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply