കരുവന്നൂര്‍ ബാങ്ക് ശാഖയില്‍ നിക്ഷേപകന്‍റെ പ്രതിഷേധം; ബാങ്ക് കൗണ്ടറിലേക്ക് പെട്രോളൊഴിച്ചു

കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെട്രോളുമായി സുരേഷ് ബാങ്കിൽ എത്തിയത്. ആക്രമണത്തില്‍ ആളപായമില്ല. അതേസമയം, സംഭവത്തിന് പിറകില്‍ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി. എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്നും സുരേഷ് പാര്‍ട്ടിക്കാരനല്ലെന്നും ബിജെപി മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായ ഷാജുട്ടന്‍ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply