കരിങ്കടലിൽ റഷ്യയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച രാവിലെ തുർക്കി തീരത്തിന് സമീപം വെച്ചാണ് വിരാട്, കൊറോസ് എന്നീ ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈൻ ഏറ്റെടുത്തു. കൃത്യം നിർവഹിക്കാൻ ‘സീ ബേബി’ ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈൻ സുരക്ഷാ സേവനങ്ങളിലെ (എസ്.ബി.യു.) ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നതായി സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വിഷയത്തിൽ റഷ്യയുടെ പ്രതികരണം ലഭിച്ചിട്ടില്ല.
ആക്രമണത്തിൽ രണ്ട് ടാങ്കറുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും സർവീസിൽ നിന്ന് ഇവ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉപരോധങ്ങൾക്കിടയിലും എണ്ണ കയറ്റുമതിക്കായി റഷ്യ ഉപയോഗിക്കുന്ന നൂറുകണക്കിന് ടാങ്കറുകൾക്ക് ഈ ആക്രമണം കനത്ത തിരിച്ചടിയാണ്. വിരാട് ടാങ്കറിന് നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. കരിങ്കടൽ തീരത്തുനിന്ന് 35 മൈൽ അകലെ വെച്ചാണ് ആളില്ലാ വിമാനങ്ങൾ വിരാടിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
കപ്പലുകളിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് തുർക്കി അറിയിച്ചു. 274 മീറ്റർ നീളമുള്ള കൊറോസ് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. റഷ്യയുടെ നൊവൊറോസിയസ്ക് തുറമുഖം ലക്ഷ്യമാക്കി സഞ്ചരിച്ച കപ്പലായിരുന്നു ഇത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

