സുരേഷ് ഗോപിക്ക് പിന്നാലെ തൃശ്ശൂരിൽ കൂടുതൽ പൊതുസമ്മതരെ തെരഞ്ഞെടുപ്പിൽ ഇറക്കാൻ ലക്ഷ്യമിട്ട് ബിജെപി. ബിജെപിയുടെ വികസന ജാഥയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചു. അതിനിടെ, ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.
നേരത്തെ ആർഎസ്എസ് വേദിയിലും ഇപ്പോൾ ബിജെപി വേദിയിലും എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചൻ ബിജെപിയുമായി കൂടുതൽ അടുക്കുന്നു എന്ന സൂചന നൽകി കൊണ്ടാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്തത്. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലിയും ഗോപാലകൃഷ്ണന് പിന്തുണയുമായി ജാഥയിൽ എത്തി. ഗോപാലകൃഷ്ണനെ പ്രശംസിച്ച ഇരുവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഔസേപ്പച്ചന് അടുത്ത നിയമസഭയിൽ മത്സരിക്കാൻ വഴിയൊരുക്കാമെന്നും സംസ്ഥാന ഉപാധ്യക്ഷൻ പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷൻ ആണ് ബിജെപിയുടെ ഒന്നാമത്തെ ഉന്നം. താഴെത്തട്ടിൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരും മണലൂരും നാട്ടികയും എ ക്ലാസ് മണ്ഡലങ്ങൾ എന്നാണ് ബിജെപി കണക്കുകൂട്ടിയിരിക്കുന്നത്. പാർലമെന്റിലേക്ക് സുരേഷ് ഗോപി വിജയിച്ചതോടെ തൃശ്ശൂർ ജില്ലയിൽ വിജയം അകലെയല്ലെന്നും കണക്കുകൂട്ടുകയാണ് ബിജെപി. എൽഡിഎഫിന് ഒപ്പം നിൽക്കുന്ന തൃശ്ശൂർ മേയർ എംകെ വർഗീസിനെ ബിജെപി നേരത്തെ തന്നെ നോട്ടം ഇട്ടിട്ടുണ്ട്. വർഗീസ് ഇക്കാര്യത്തിൽ ചാഞ്ചാടി കളിക്കുന്നത് മാത്രമാണ് ബിജെപി ക്യാമ്പിലുള്ള ആശങ്ക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

