ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും.
ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കൻ രാജ്യമായ സിയേറാ ലിയോൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഏഴംഗ സംഘങ്ങളിൽ ഷിൻഡെയാണ് പ്രായം കുറഞ്ഞ സംഘത്തലവൻ. മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പെടുന്നതാണ് സംഘം.ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആക്രമിച്ചാൽ കൃത്യമായ തിരിച്ചടി നൽകുമെന്നുമുള്ള വ്യക്തമായ സന്ദേശം രാജ്യങ്ങൾക്ക് നൽകുമെന്ന് ഷിൻഡെ വ്യക്തമാക്കി. സാമ്പത്തിക വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്താൻ തീവ്രവാദം വളർത്തുന്ന തിരക്കിലാണെന്നും ഷിൻഡെ കടന്നാക്രമിച്ചു.
സഞ്ജയ് ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യാ, മലേഷ്യ, സൗത്ത് കൊറിയ, സിംഗപൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. ആഗോളതലത്തിലെ തീവ്രവാദ പ്രവത്തനങ്ങൾ നേരിട്ടോ അല്ലാതെയോ പാകിസ്താൻ പങ്കുവഹിക്കുന്നുണ്ടെന്ന് സഞ്ജയ് ഝാ പ്രതികരിച്ചു. ഇക്കാര്യം ലോകത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനിമൊഴി നയിക്കുന്ന സംഘം സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. കോൺഗ്രസ് എം പി ശശി തരൂർ നയിക്കുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ചയാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ ശവി ശങ്കർ പ്രസാദ്, ബൈജയന്ത് ജയ് പാണ്ഡ, ജെഡിയു നേതാവ് സഞ്ജയാ ഝാ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലേ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് സംഘതലവന്മാർ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

