ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുകയാണ്. ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി പറഞ്ഞു. പഹൽഗാമിൽ ഭർത്താവിനെയടക്കം കൊലപ്പെടുത്തിയ ശേഷം പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്. ഇതാ ഞങ്ങള്‍ ചോദിച്ചു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരതയ്ക്ക് അവസാനം കുറയ്ക്കണമെന്നും ഹിമാൻഷി നർവാൾ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം.

ഭീകരവാദത്തിന് രാജ്യം ശക്തമായ സന്ദേശമാണ് ഇന്ത്യയുടെ തിരിച്ചടിയെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ഹിമാൻഷി പ്രതികരിച്ചു. ‘എന്റെ ഭര്‍ത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമായിട്ടേയുള്ളൂവെന്ന് അവരോട് കരഞ്ഞുപറഞ്ഞതാണ്. ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് ഞാൻ കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യന്‍ സൈന്യവും കൊടുത്തു കഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേര്‍ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട്. തിരിച്ചടിച്ചതിൽ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഭീകരതയുടെ അവസാനത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.’- ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു.

ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ച്ചയായിരുന്നു ഹിമാന്‍ഷിയുടെയും വിനയ്‌യുടെയും ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനയ് കൊല്ലപ്പെട്ടത്. കൊച്ചി നേവൽ ബേസിലായിരുന്ന വിനയ് പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് വിവാഹ ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയത്. ഭീകരവാദികളുടെ വെടിയേറ്റുവീണ വിനയ്‌യുടെ മൃതദേഹത്തിനടുത്ത് നിര്‍വികാരയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രമായി മാറിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply