ഒരു മനുഷ്യൻ എന്ന നിലക്കാണ് യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇസ്ലാം മനുഷ്യത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മതമാണ്. ഇക്കാര്യം യമനിലെ പണ്ഡിതന്മാർക്ക് മനസിലാവുന്നതും അംഗീകരിക്കുന്നതുമായ കാര്യമാണെന്നും വാർത്താസമ്മേളനത്തിൽ അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. നിമിഷപ്രിയയുടെ കാര്യത്തിൽ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ദിയാധനത്തെ കുറിച്ചൊന്നും താൻ സംസാരിച്ചിട്ടില്ല. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാൻ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോൾ ചാണ്ടി ഉമ്മൻ എം.എൽ.എ ഉണ്ടെന്ന വിവരം അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു മനുഷ്യൻ എന്ന നിലക്കാണ് ശ്രമിക്കാമെന്ന നിലയിലാണ് നിമിഷപ്രിയയുടെ വിഷയത്തിൽ താൻ ഇടപെട്ടത്. മുസ്ലിം എന്ന് നോക്കുന്നത് പള്ളികളിലും കോളജുകളിലുമാണ്. പൊതു വിഷയത്തിൽ ജാതിയോ മതമോ തങ്ങൾ നോക്കാറില്ലെന്ന് എല്ലാവർക്കും അറിയാം. പറഞ്ഞാൽ യമനിലെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്ന ഉന്നത പണ്ഡിതന്മാരാണ് വിഷയത്തിൽ ഇടപെട്ടത്. നിമിഷപ്രിയയുടെ മോചനം സാധ്യമാകാൻ എല്ലാവരും പ്രാർഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടൽ തുടരുമെന്നും അബൂബക്കർ മുസ്ലിയാർ അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർഥനയെ തുടർന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്‍റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവർ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
ശൈഖ് ഹബീബ് ഉമറിന്റെ നിർദേശത്തെ കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്റൂഖാണ് ചർച്ചയിൽ പങ്കെടുത്തത്. തുടർ ചർച്ചയിൽ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

