എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനിൽ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്ന് മുഖ്യതെരഞ്ഞെുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റു ജീവനക്കാരെ ബിഎൽഒമാരാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ജില്ലാകളക്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ യോഗത്തിൽ നിർദ്ദേശം നൽകി.

തദ്ദേശപൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാകളക്ടർമാരോട് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി മറ്റ് ജീവനക്കാരെ ജില്ലാകളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമൊന്നുമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ യോഗത്തിൽ പറഞ്ഞു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. തദ്ദേശതെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടിക പരിശോധനയും തടസം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ 14 ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply