ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇമെയിലിലെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ​ഹൈക്കോടതി

സ്​പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇമെയിലിലെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ​ഹൈക്കോടതി. ശബരിമല ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യ ജോലികൾ പൂർത്തിയാക്കിയ ശേഷം തന്റെ പക്കൽ ബാക്കിയുള്ള സ്വർണം ഏതെങ്കിലും നിർധന പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇതുപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് 2019 ഡിസംബർ ഒമ്പതിന് ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ പറയുന്നത്. ഇ മെയിലിലെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണത്തിനായി ​പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. ശബരിമലയിൽ കാണാതായ സ്വർണം സംബന്ധിച്ച അഴിമതിയിൽ ഹൈകോടതി സ്വമേധയാ ആണ് നടപടികൾ ആരംഭിച്ചത്.

ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈകോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എ.ഡി.ജി.പി എച്ച്. വെങ്കിടേശിനാണ് അന്വേഷണച്ചുമതല. മൂന്ന് ഇൻസ്​പെക്ടർമാരും സംഘത്തിലുണ്ടാകും. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ ഈ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഡൻ ബെഞ്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുമായി ചേർന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതായി കരുതേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് എസ്‌.പി സുനിൽകുമാർ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. മുദ്രവെച്ച കവറിൽ റിപ്പോർട്ടും കൈമാറി. വെള്ളിയാഴ്ച അന്തിമറിപ്പോർട്ട് നൽകുമെന്നാണ് കരുതപ്പെടുന്നത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ പരിശോധിക്കാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി അനുവദിച്ചു. വെള്ളിയാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കണം. 2019-ലും ഇപ്പോഴും എടുത്ത ഫോട്ടോകളടക്കം ഇതിന്റെ ഭാഗമായി പരിശോധിക്കാം.

വിജയ് മല്യയുടെ നേതൃത്വത്തിലുളള യു.ബി ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ 2008-ൽ ദേവസ്വംബോർഡിന് അയച്ച കത്തും ഇതിനിടെ ചർച്ചയായിട്ടുണ്ട്. ദ്വാരപാലകശില്പങ്ങൾക്ക് സ്വർണപ്പാളി സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. 1.564 കിലോ സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. ശ്രീകോവിലിനടക്കം ആകെ 30.29 കിലോഗ്രാമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, 2019-ൽ സ്വർണപ്പാളികൾ സ്വർണംപൂശുന്നതിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയപ്പോൾ ദേവസ്വം മഹസറിൽ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻപോറ്റിയുടെ കൈവശമാണ് ഇത് കൊടുത്തുവിട്ടിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply