ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്രസര്‍ക്കാര്‍. കരാറില്‍ കര്‍ഷകരുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാന കരാറാണിത്. കരാര്‍ പ്രകാരം ചില മേഖലകളില്‍ അമേരിക്കയേക്കാള്‍ നേട്ടം ഇന്ത്യയ്ക്കാണെന്നും കേന്ദ്രമന്ത്രി ഗോയല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര വാണിജ്യമന്ത്രിയുടെ പ്രസ്താവന.കര്‍ഷകരുടെയും പാല്‍ ഉല്‍പാദകരുടെയും താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അമേരിക്കയുമായി കരാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദേശീയ മുന്‍ഗണനകള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്ന് ഗോയല്‍ വ്യക്തമാക്കി. ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ ഇന്ത്യയുടെ നിലപാടുകളെല്ലാം സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. 140 കോടി ഇന്ത്യാക്കാര്‍ക്കും ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എംഎസ്എംഇ സംരംഭകര്‍ക്കും, വിദഗ്ധ തൊഴിലാളികള്‍ക്കും, വ്യവസായത്തിനും പുതിയ അവസരങ്ങള്‍ തുറക്കും. കയറ്റുമതി, നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലേക്കുള്ള കൂടുതല്‍ പ്രവേശനവും ശക്തമായ ആഗോള ബന്ധങ്ങളും സൃഷ്ടിക്കപ്പടുമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

