വെടിനിർത്തൽ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. പാക് പ്രകോപനത്തിൽ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്താനിൽ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടേക്കും. പ്രകോപനം ആവർത്തിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങൾ തകർത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തിൽ ഇന്ത്യ ഉന്നയിച്ചേക്കും.
അതേസമയം പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി. ഇന്നത്തെ ചർച്ചയിൽ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്. അതേ സമയം, പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാകിസ്ഥാൻ ചർച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തമാണ്. ജമ്മുകശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. കടകമ്പോളങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. പ്രദേശങ്ങളിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

