നാടുകടത്തുന്നതിന് മുൻപ് ഇന്ത്യൻ വിദ്യാർഥിക്ക് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് അധിക്ഷേപവും ക്രൂരപീഡനവും നേരിട്ടതായി റിപ്പോർട്ട്. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിക്കുകയും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്. തറയിൽ മുഖം അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കുനാൽ ജെയ്ൻ എക്സിൽ പങ്കുവെച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
“നെവാർക്ക് വിമാനത്താവളത്തിൽ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയെ കണ്ടു. കയ്യിൽ വിലങ്ങുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു, ക്രിമിനലിനെപ്പോലെയായിരുന്നു അവനെ പരിഗണിച്ചത്. സ്വപ്നങ്ങളെ പിന്തുടർന്നാണ് അവനെത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എൻ.ആർ.ഐ എന്ന നിലയിൽ ഹൃദയം തകർന്നു. ഇതു മനുഷ്യദുരന്തമാണ്’’– ജെയിൻ എക്സിൽ കുറിച്ചു. വിഷയം അന്വേഷിക്കാനും വിദ്യാർഥിക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യു.എസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് ജെയിൻ ആവശ്യപ്പെടുകയും ചെയ്തു.
‘അവനു ചുറ്റും 50 പേരെങ്കിലും ഉണ്ടായിരുന്നു. ആരും ഇതിനെതിരെ പ്രതികരിച്ചില്ല. ഉദ്യോഗസ്ഥർ പറഞ്ഞത് അവന് ഇംഗ്ലീഷ് അറിയില്ലെന്നാണ്. എന്നാൽ അസ്വസ്ഥനയതുകൊണ്ടാകാം അവൻ ആ സമയത്ത് ഹരിയാൻവി ഹിന്ദിയിലാണ് സംസാരിച്ചത്. ഞാൻ അവനോട് സംസാരിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും അവർ സമ്മതിച്ചില്ല. പകരം കൂടുതൽ പൊലീസുകരെ വിളിക്കുകയാണ് ചെയ്തത്. പൊലീസുകാർ അവന്‍റെ കൈകളും കാലുകളും കെട്ടിയിട്ടപ്പോൾ ഞാൻ കരഞ്ഞുപോയി” എന്നും കുനാൽ ഒരു ചിവി ചാനലിനോട് പറഞ്ഞു. ഉന്നയിച്ച് ഒരു ദിവസം കഴിഞ്ഞ് വിഷയത്തിൽ ഇന്ത്യൻ എംബസി പ്രതികരിച്ചു. യു.എസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.