ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയു​ടെ പ്രസ്താവനക്കെതി​രെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയു​ടെ പ്രസ്താവനക്കെതി​രെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്. മതേതരത്വവും സോഷ്യലിസവും മാറ്റണമെന്ന് ആർഎസ്എസിന് താല്പര്യമുണ്ടെങ്കിലും അത് നടക്കി​ല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് ആവർത്തിച്ച് പല വിധികളിലൂടെ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണെന്നും എല്ലാ ലോക്സഭാ സീറ്റിലും ജയിച്ച് പ്രതിപക്ഷം ഇല്ലാതെ അധികാരത്തിൽ വന്നാൽ പോലും അത് നീക്കം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മൂപ്പര് പത്രം വായിക്കാറില്ല എന്ന് തോന്നുന്നു. 2024 ജൂലൈ 10 ന് സുബ്രഹ്മണ്യം സ്വാമിയുടെ പൊതു താൽപര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയുള്ള 1976 ലെ ഭരണഘടനാ ഭേദഗതി 1949 നവമ്പർ 26 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സുപ്രീം കോടതി ശരിവച്ചു. മതേതരത്വം ഭരണഘടനയുടെ ബേസിക് സ്ട്രക്ചർ ആണെന്ന് ആവർത്തിച്ച് പല വിധികളിലൂടെ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. ആർ.എസ്.എസിന് അതു മാറ്റണമെന്ന് താല്പര്യമുണ്ടാവാം. പക്ഷേ നടക്കില്ല. എല്ലാ ലോക്സഭാ സീറ്റിലും ജയിച്ച് പ്രതിപക്ഷം ഇല്ലാതെ അധികാരത്തിൽ വന്നാൽ പോലും നടക്കില്ല’ -സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി വിവാദ പ്രസ്താവന നടത്തിയത്. “1976ലാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു” -ഹൊസബാലെ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply