ആശ സമരത്തിന് പിന്തുണയുമായി വീണ്ടും സച്ചിദാനന്ദൻ

ആശാവർക്കർമാരുടെ സമരം നീളുന്നതിൽ സർക്കാറിനെ വിമർശിച്ച് സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ രം​ഗത്ത്. സമരക്കാരെ സർക്കാർ ചർച്ചക്ക് വിളിക്കുകയാണ് വേണ്ടത്. സമരവേദിയിൽ സംഘടിപ്പിച്ച ജനസഭയി​ലാണ് സച്ചിദാനന്ദന്റെ ശബ്ദ സന്ദേശം കേൾപ്പിച്ചത്. ആരു സമരം നടത്തിയാലും അവരുടെ ആവശ്യങ്ങളിൽ ന്യായമുണ്ടെങ്കിൽ സർക്കാർ ചർച്ചക്ക് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിയുന്ന രീതിയിലുള്ള ഒത്തുതീർപ്പ് ഉണ്ടാക്കാനും ശ്രമിക്കണം. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന് അവകാശപ്പെടുന്നവർ തന്നെ ഇനി ഓണറേറിയം കൂട്ടേണ്ടത് കേന്ദ്രസർക്കാറാണെന്ന് പറയുന്നതിൽ വൈരുധ്യമുണ്ട്. ഇത് ആർക്കും മനസിലാകുന്നതുമാണ്.

ആശാവർക്കർമാരുടെ വേതനകാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തൊഴിലാളികളെ അധിക്ഷേപിക്കുകയോ പരുഷമായ പുരുഷ ഭാഷയിൽ ശകാരിക്കുകയോ അവർ ന്യൂനപക്ഷമാണെന്ന് പറഞ്ഞ് അപമാനിക്കുകയോ ചെയ്യാതെ അവരെ ചർച്ചക്ക് വിളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും ആശ സമരത്തിനെ പിന്തുണച്ച് സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply