അറിയാം ചക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

ചക്കയിൽ നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം തന്നെ രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളുടെ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്നു. ചക്കക്കുരുവും പ്രോട്ടീൻ, മിനറലുകൾ എന്നിവയാൽ സമൃദ്ധമാണ്. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക. വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും പ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ വിറ്റാമിൻ എ,സി എന്നിവ സഹായിക്കുന്നു. കൂടാതെ ആൻറി ഓക്സിഡന്റുകൾ ആയ Carotinoid, polyphenols, flavanoid, Vitamin C എന്നിവയുടെ സാന്നിധ്യം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കിലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നു. ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിയുന്നു. ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ ആൻറിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുവാനും സഹായിക്കുന്നു.

മോശം കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ ചക്ക സഹായിക്കും. ചക്ക കഴിവതും കറിയാക്കിയോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കിയും കഴിക്കാം. ചക്കയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് ശരീരത്തെ പോഷിപ്പിക്കും. കൂടാതെ നാരുകൾ നിങ്ങളുടെ വയർ നന്നായി നിറയ്ക്കുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ചക്കയിൽ അടങ്ങിയിരിക്കുന്ന അയൺ, വിറ്റാമിൻ ബി,ബി3,ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച മാറ്റുന്നതിനും നല്ലതാണ്. മ​ഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു. പച്ചചക്കയുടെ glycemic index (GI score) കുറവായതിനാലും, നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹ രോഗികളുടെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുവാനും ചക്കയ്ക്ക് കഴിവുണ്ട് എന്നത് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ ചക്ക കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം മാറ്റാം എന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തിക്കാം എന്നതോ ഒരു തെറ്റിദ്ധാരണയാണ്. അതിനാൽ അമിത അളവിൽ കഴിക്കുന്നത് ഒഴിവാക്കുക.

ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ പ്രീബയോട്ടിക്സ്, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഇവയെല്ലാം കുടലിന്റെ പോഷക ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. കുടൽ കാൻസറിന്റെ സാധ്യതയും കുറയ്ക്കുന്നു. ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യുന്നു. മുറിവുകളെ ഉണക്കുവാനും ത്വക്ക്, മുടി, മസിൽ, ചെറു ഞരമ്പുകൾ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങൾക്ക് കഴിവുണ്ട്. ചക്കയിലെ മഗ്നീഷ്യം സുഖനിദ്ര പ്രധാനം ചെയ്യാൻ സഹായിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply