അരിവിഹിതം വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനം നെല്ലുൽപാദനത്തിൽ പിറകിലായതിനാൽ കേന്ദ്രസർക്കാർ സഹായിച്ചേ മതിയാകൂ. ഉൽപാദനക്കുറവ് കാരണം ഗോതമ്പ് നൽകാൻ ആകില്ല എന്നാണ് കേന്ദ്രം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പത്തായത്തിൽ ആവശ്യത്തിലധികം അരിയും ഗോതമ്പും ഉണ്ട്. കേരളത്തിന് ഭക്ഷ്യധാന്യം നിഷേധിക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ നിരന്തരം ഇക്കാര്യത്തിൽ ഇടപെടണമെന്നും അനിൽ ആവശ്യപ്പെട്ടു. ഓണക്കാലത്ത് കേരളത്തിന് അധിക അരിയും ഗോതമ്പും നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ നേരിട്ട് ഡൽഹിയിൽ പോയി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. കേരളത്തിന് മാത്രമായി വ്യത്യസ്തമായതൊന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.