ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അച്ഛൻറെ അടുത്ത ബന്ധു അറസ്റ്റിൽ. കുട്ടിയെ വീട്ടിനുള്ളിൽവെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടർന്നാണ് ചെങ്ങമനാട് പൊലീസ് ഇന്നലെ വൈകീട്ട് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതും കേസ് അന്വേഷിക്കുന്ന പുത്തൻകുരിശ് പൊലീസ് പിതാവിൻറെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തതും.
കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തിൽ പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റിമാൻഡിലുള്ള കുട്ടിയുടെ അമ്മയായ കുറുമശ്ശേരി സ്വദേശിനിയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, കുഞ്ഞിൻറെ മാതാവിന് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. എന്നാൽ, ഭർത്താവ് ഇത് നിഷേധിച്ചു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയെക്കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഭർതൃവീട്ടുകാരെ വേദനിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് മാതാവിൻറെ പ്രാഥമിക മൊഴി.
ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

