യു എസിലെ വാഷിംഗ്ടൺ ഡി സിയിൽ അക്രമി രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവെച്ചുകൊന്നു. നഗരത്തിലെ ജൂത മ്യൂസിയത്തിനു സമീപത്തായിരുന്നു ആക്രമണം. മ്യൂസിയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയ്ക്കായി എത്തിയ യാരോൺ ലിഷിൻസ്‌കി, സാറാ ലിൻ മിൽഗ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന എംബസിയിൽ സഹപ്രവർത്തകരായിരുന്നു ഇവർ. ചിക്കാഗോ സ്വദേശി ആയ 30 വയസുകാരൻ ഏലിയാസ് റോഡ്രിഗസ് ആണ് കൊലയാളി എന്ന് പൊലീസ് സ്ഥിരീകരിച്ചു.
നാല് പേരടങ്ങുന്ന സംഘത്തിന് നേരെ ഒരു മനുഷ്യൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും രണ്ട് പേരെയും കൊല്ലുകയും ചെയ്തുവെന്ന് വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് മേധാവി പമേല സ്മിത്ത് പറഞ്ഞു. വെടിവയ്പ്പിന് മുമ്പ് അയാൾ മ്യൂസിയത്തിന് പുറത്ത് നടക്കുന്നത് കണ്ടിരുന്നു. ഇയാൾ വെടി ഉതിർത്ത ശേഷം പൊലീസിന് കീഴടങ്ങി. പൊലീസ് എത്തിയപ്പോൾ ഇയാൾ ഫ്രീ പലസ്തീൻ എന്ന് മുദ്രാവാക്യം മുഴക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി യു എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് ഇസ്രായേൽ പ്രതികരിച്ചു.
വെടിവയ്പ്പിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനക കൊലപാതകങ്ങൾ ഇപ്പോൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ആവശ്യപ്പെട്ടു. വെറുപ്പിനും തീവ്രവാദത്തിനും യു എസ് എയിൽ സ്ഥാനമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

