- എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.
- അമീബ ശരീരത്തിലെത്തുന്ന വഴി?
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
- ലക്ഷണങ്ങള്‍
രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്.
- രോഗ നിര്‍ണയം
നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം.
- പ്രതിരോധം
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
- സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക
- പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
- നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക
- മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക
- തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.
- നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
- രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സമഗ്ര മാർഗരേഖ പുറത്തിറക്കി കേരളം. അമീബിക്ക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

