അന്തിമ വോട്ടർ പട്ടികയിൽ അഞ്ചുലക്ഷം ​ഡൂപ്ലിക്കേറ്റ് വോട്ടമാരെന്ന് കോൺ​ഗ്രസ്

ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) സമഗ്രത ചോദ്യം ചെയ്ത് കോൺ​ഗ്രസ്. അന്തിമ വോട്ടർപട്ടികയിൽ അഞ്ചുലക്ഷം വ്യാജവോട്ടർമാരെ ഉൾക്കൊള്ളിച്ചതായി ആരോപിച്ച കോൺഗ്രസ് എസ്.ഐ.ആർ ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ‘വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 67.3 ലക്ഷം വോട്ടർമാരിൽ പത്തിലൊന്നിലേറെയും 15 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായിരുന്നു. എസ്.ഐ.ആർ ഉത്തര​ങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്’-കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷണ സെല്ലായ ​’ഈഗിൾ’ ചൂണ്ടിക്കാട്ടി.

ഒരേ പേരിലുള്ള അഞ്ചുലക്ഷം വോട്ടർമാർ ഇരട്ടിച്ചതായി അന്തിമവോട്ടർപട്ടികയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പേര്, ബന്ധുവിന്റെ പേര്, പ്രായം, ലിംഗഭേദം, വിലാസം എന്നിവ ഒരുപോലെയുള്ള അഞ്ചുലക്ഷത്തിലേറെ ഡ്യൂപ്ലിക്കറ്റ് വോട്ടർമാരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇനിയും ഇത്രയധികം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെങ്കിൽ എസ്.ഐ.ആർ കൊണ്ടുള്ള പ്രയോജനം എന്താണെന്നും കോൺഗ്രസ് ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ എങ്ങനെയാണ് വോട്ടർപട്ടിക പരിശോധിച്ച് അവരെയെല്ലാം നീക്കം ചെയ്യുകയെന്നും ചോദ്യമുയർന്നിട്ടുണ്ട്.

എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ബിഹാറിലെ വോട്ടർമാരുടെ എണ്ണം ആറു ശതമാനത്തോളം കുറഞ്ഞു. അതായത് ഏകദേശം 47 ലക്ഷം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതിന്റെ കാരണങ്ങളും ഒഴിവാക്കിയവരുടെ ഏകീകൃത പട്ടികയും തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 7.72 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നു. അതായത് ആ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തിരുന്ന ഏകദേശം 30 ലക്ഷം പേർ നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അർഹരല്ലെന്നാണ് പുതിയ വോട്ടർപട്ടിക സൂചിപ്പിക്കുന്നത്. ആരെയൊക്കെയാണ് ഇങ്ങനെ ഒഴിവാക്കിയത്. സംസ്ഥാനത്ത് എത്രപേർ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്ന ചോദ്യങ്ങളും കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്.

ബിഹാറിൽ 21.53 ലക്ഷം വോട്ടർമാരെ പുതുതായി ചേർത്തതായാണ് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിരിക്കുന്നത്. എന്നാൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോറം ആറ് 16.93 ലക്ഷം പേർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 4.6 ലക്ഷം ഫോമുകൾ ലഭ്യമാണോ എന്നും അവ നടപടിക്രമങ്ങൾ പാലിക്കാതെയാണോ ചേർത്തതെന്നും കോൺ​ഗ്രസ് ചോദ്യമുയർത്തി. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ അന്തിമമാക്കിയ പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂയെന്നും പാർട്ടി ആവശ്യപ്പെട്ടു.

വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പൊതുജനവിശ്വാസം നേടുന്നതിനുള്ള ഒരു പ്രധാന നടപടിയായിരിക്കുമെന്നും പാർട്ടി പറഞ്ഞു. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ മുകളിൽ ഉന്നയിച്ച ചോദ്യങ്ങളെ കുറിച്ച് ഉത്തരം നൽകുന്നത് വോട്ടർപട്ടികയുടെ സമഗ്രതയെ കുറിച്ച് പൊതുജനങ്ങളിൽ വിശ്വാസമുണ്ടാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply