അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ തുടർന്നാൽ പാകിസ്താൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഡച്ച് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭീകരതക്ക് പൂർണമായ അന്ത്യം ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ പാകിസ്താൻ ഇനിയും ഭീകരാക്രമണങ്ങൾ തുടർന്നാൽ അതിന്‍റെ അനന്തരഫലങ്ങൾ പാകിസ്താൻ നേരിടേണ്ടി വരും. ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കാത്തതിന്റെ കാരണം അതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള നയതന്ത്ര യാത്രയുടെ ഭാഗമായാണ് എസ് ജയശങ്കർ നെതർലൻഡ്സിൽ എത്തിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധ പട്ടികയിലുള്ള ഏറ്റവും കുപ്രസിദ്ധരായ തീവ്രവാദികളെല്ലാം പാകിസ്താനിലാണ്. അവർ പാകിസ്താനിൽ പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്നു. രാജ്യം ഇതിൽ പങ്കാളിയാണ്. പാകിസ്താൻ സൈന്യത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആംസ്റ്റർഡാം പോലുള്ള ഒരു നഗരത്തിന്റെ മധ്യത്തിൽ പതിനായിരക്കണക്കിന് ആളുകൾ സൈനിക പരിശീലനത്തിനായി ഒത്തുകൂടിയ വലിയ സൈനിക കേന്ദ്രങ്ങൾ ഉണ്ടായിരുന്നുവെന്ന് കരുതുക, നിങ്ങളുടെ സർക്കാറിന് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് നിങ്ങൾ പറയുമോ? തീർച്ചയായും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താൻ ഇന്ത്യ വെടിനിർത്തലിൽ ട്രംപിന്‍റെ മധ്യസ്ഥ അവകാശവാദത്തെ തള്ളിപറയുകയും ഇന്ത്യയും പാകിസ്താനും തമ്മിൽ നേരിട്ട് ചർച്ച ചെയ്തതാണ് വെടിനിർത്തൽ അംഗീകരിച്ചെതെന്നും ജയശങ്കർ വ്യക്തമാക്കി. രണ്ട് രാജ്യങ്ങൾ സംഘർഷത്തിൽ ഏർപ്പെടുമ്പോൾ ലോക രാജ്യങ്ങൾ അതിൽ ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

