അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീസൻ. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? സര്‍ക്കാര്‍ ഒഴിവാക്കിയ ഒരു ലക്ഷത്തില്‍ അധികം ആദിവാസി കുടുംബങ്ങളെല്ലാം സുരക്ഷിതരാണോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നു പ്രഖ്യാപിച്ചാല്‍ 6 ലക്ഷത്തോളം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇല്ലാതാകില്ലേയെന്നും സതീശൻ ചോദിച്ചു. തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് പി ആര്‍ സംവിധാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഈതട്ടിപ്പ് പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ
അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയെന്നത് അഭിമാനകരമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയലാണ്. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന ചെപ്പടി വിദ്യയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര്‍ കേരളത്തിലുണ്ട്. ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ പരമ ദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 215 മത്തെ ഐറ്റമായി പറഞ്ഞിരിക്കുന്നത്. ആശ്രയ പദ്ധതിയിലുള്ള 1.5 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി 4.5 ലക്ഷം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുമെന്നും പ്രകടനപത്രികയിലുണ്ട്. അപ്പോള്‍ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ തന്നെ പരമ ദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം പേരില്‍ നിന്നും അതിദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64000 ആയി മാറിയത്? ഇത് എന്ത് ചെപ്പടിവിദ്യയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

