Headlines

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചിൽ, ചെറുവത്തൂരിൽ വീരമലക്കുന്ന് ഇടിഞ്ഞുവീണു

നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചിൽ. കാസർകോട് ചെറുവത്തൂർ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചിൽ. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ. ഈ മേഖലയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചിൽ. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാർ പറയുന്നു.

മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. എൻ ഡി ആർ എഫ്, ഫയർഫോഴ്സ് സംഘങ്ങൾക്കും സ്ഥലത്ത് എത്താൻ നിർദേശമുണ്ട്. ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു മാസം മുൻപും വീരമല കുന്നിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയിൽപ്പെട്ട ഒരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിർമ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാർ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply