ഷോപ്പിങ് മാളുകളും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ യൂനിഫോമിൽ വരരുതെന്ന് പൊലീസിന് കർശന നിർദേശം. സഹകരണ സംഘങ്ങൾ, വിവാഹവും മറ്റു പരിപാടികളും, മൃതദേഹ സംസ്കാര ചടങ്ങ്, അനുശോചന പരിപാടി എന്നിവിടങ്ങളിലാണ് ഔദ്യോഗികജോലിയുടെ ഭാഗമായി അല്ലാതെ പൊലീസ് യൂനിഫോമിൽ വരരുതെന്ന് നിർദേശം നൽകിയത്.
ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫ് മുന്നറിയിപ്പ് നൽകി. പൊലീസ് സേനയുടെ അന്തസ്സ് പരിപാലിക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങളിലെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരാതിരിക്കാനുമാണ് നടപടി.
യൂനിഫോമിൽ എത്തുന്ന പൊലീസുകാർ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ വ്യാപാരികൾ സമ്മർദത്തിലാകാറുണ്ട്. അവർ വ്യക്തിപരമായും വളരെ സ്വാഭാവികമായും ആണ് ചോദിക്കുന്നതെങ്കിലും സെയിൽസ് ജീവനക്കാർക്ക് സമ്മർദം ഉണ്ടാകുന്നു. ഇത് ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.