റമദാനെ വരവേൽക്കുന്നതിനായുള്ള ഒരുക്കത്തിൽ മുഴുകി രാജ്യവും വിശ്വാസികളും. കുവൈത്തിൽ ഈ മാസം 11ന് റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ. റമദാന് മുന്നേ പഠനക്ലാസുകളും മുന്നൊരുക്കങ്ങളുമായി സംഘടനകളും കൂട്ടായ്മകളും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
റമദാൻ ആരംഭിക്കുന്നതോടെ ഇഫ്താർ, കാരുണ്യ പ്രവർത്തനങ്ങൾ, പഠനക്ലാസ്സുകൾ,പ്രാർഥനകൾ എന്നിവയാൽ വിശ്വാസി സമൂഹം കൂടുതൽ സജീവമാകും. മതസംഘടനകൾ പ്രത്യേക ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികളിൽ പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കും.
രാജ്യത്തെ പള്ളികളിൽ ഇഫ്താറുകൾ, തറാവീഹ് നമസ്കാരങ്ങൾ, രാത്രി നമസ്കാരങ്ങൾ എന്നിവക്കായി ഒരുക്കങ്ങൾ പൂർത്തിയായി. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ പ്രതിഭകളെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവൃത്തി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴിൽ സമയം ഫ്ലക്സിബിൾ ആക്കി നാലര മണിക്കൂറാക്കി.
സ്കൂൾ പ്രവൃത്തിസമയം കുറച്ചു. രാവിലെ ജോലിക്കുപോകുമ്പോഴും തിരിച്ചുവരുമ്പോഴും നോമ്പ് തുറക്കുന്ന സമയങ്ങളിലും റോഡുകളിൽ തിരക്ക് പരമാവധി ഒഴിവാക്കാൻ ഗതാഗത വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധനാ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
മലയാളി സംഘടനകൾ വിവിധ പരിപാടികളും വിപുലമായ ഇഫ്താറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. റമദാൻ പ്രഭാഷണങ്ങൾക്കായി നാട്ടിൽ നിന്ന് പണ്ഡിതൻമാരും കുവൈത്തിൽ എത്തും. രാജ്യത്ത് മിതമായ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ എത്തുന്നത്. കടുത്ത ചൂടും തണുപ്പും ഇല്ലാത്തതിനാൽ നോമ്പ് പ്രയാസരഹിതമായി കടന്നുപോകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

