ഇറാഖിലെ ബാഗ്ദാദിൽ നടന്ന ആന്റി ഡ്രഗ് കോൺഫറൻസിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പങ്കെടുത്തു. മയക്കുമരുന്ന് സൃഷ്ടിക്കുന്ന സാമൂഹിക അപകടവും പ്രതിരോധത്തിന്റെ പ്രാധാന്യവും ശൈഖ് ഫഹദ് ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ വിശദീകരിച്ചു.
മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഏകോപനവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, വിവരങ്ങളുടെ കൈമാറൽ, രാജ്യങ്ങൾക്കിടയിൽ ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കൽ എന്നിവയും സൂചിപ്പിച്ചു.
മയക്കുമരുന്ന് കടത്ത് നേരിടുന്നതിൽ പ്രാദേശിക, അന്തർദേശീയ സുരക്ഷാ ഏജൻസികൾ സഹകരണവും വിവര കൈമാറ്റവും തുടരണമെന്നും കൂട്ടിച്ചേർത്തു. കോൺഫറൻസിന്റെ സംഘാടനത്തിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി, ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ അമീർ കമൽ അൽ ഷമ്മരി എന്നിവരെ ശൈഖ് ഫഹദ് അഭിനന്ദിച്ചു.
മയക്കുമരുന്ന്, മേഖലയിലെ പ്രധാന പ്രശ്നമാണെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനി പറഞ്ഞു. യുദ്ധം, നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ എന്നിവയോളം ഭീകരമാണെന്നും മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ആരംഭിച്ച കോൺഫറൻസിൽ കുവൈത്ത്, സൗദി അറേബ്യ, ജോർഡൻ, സിറിയ, തുർക്കിയ, ഇറാൻ, ലെബനൻ, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

