താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. റസിഡൻസ് നിയമം ലംഘിച്ച 12,000 പേരെ കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടെ നാടുകടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും നാടുകടത്തിയവരിൽ ഉൾപ്പെടും. ഒക്ടോബറിൽ മാത്രം 4,300 പേരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ 7,685 പേരെയും നാട് കടത്തി.

നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ അതിവേഗത്തിൽ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവർക്ക് വീണ്ടും കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല. തൊഴിൽ രംഗത്ത് നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ മേഖലകളും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനയുമായി രംഗത്തുണ്ട്. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊതു സുരക്ഷ, റെസ്‌ക്യൂ, ട്രാഫിക് പട്രോളിംഗുകളും ശക്തമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply