ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തറിന് കുവൈത്തിന്റെ അഭിനന്ദനം. ഫൈനലിൽ ഖത്തർ നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദന സന്ദേശം അയച്ചു. ടൂർണമെന്റിൽ ഖത്തർ ടീമിന്റെ മികച്ച പ്രകടനത്തെയും പങ്കെടുത്ത മറ്റു രാജ്യങ്ങളെയും അമീർ പ്രശംസിച്ചു.
ഇത്തരമൊരു ടൂർണമെന്റ് വിജയിക്കുന്നത് ഗൾഫ്, അറബ് ഫുട്ബാളിന്റെ നേട്ടമാണെന്നും മേഖല കൈവരിച്ച ഉയർന്ന കായിക മികവിന്റെ പ്രതീകമാണെന്നും അമീർ അഭിപ്രായപ്പെട്ടു. ഖത്തർ ആതിഥേയത്വം വഹിച്ച ടൂർണമെൻറിൽ ഖത്തർ നടത്തിയ പരിശ്രമങ്ങളെയും തയാറെടുപ്പുകളെയും അസാധാരണമായ വിജയത്തിലും അമീർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഈ നേട്ടം ഖത്തറിന്റെ സംസ്കൃതപദവിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.
ഫൈനലിൽ ജോർഡൻ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും അമീർ സന്ദേശം അയച്ചു. മത്സരത്തിൽ ജോർഡന്റെ മികച്ച പ്രകടനത്തെ അമീർ പരാമർശിച്ചു. അബ്ദുല്ല രണ്ടാമൻ രാജാവിന് ആയുരാരോഗ്യം നേർന്ന അമീർ ജോർഡന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ആശംസകൾ അറിയിച്ച് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന് സന്ദേശം അയച്ചു.
ഏഷ്യൻ കപ്പിൽ ഖത്തറിന്റെ വിജയത്തിൽ ഖത്തറിന്റെ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ അൽ ഗാനിമിനെ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ അഭിനന്ദിച്ചു. ജോർഡൻ സെനറ്റ് പ്രസിഡന്റ് ഫൈസൽ അൽ ഫയ്സിനും ജനപ്രതിനിധി സഭയുടെ സ്പീക്കർ അഹ്മദ് അൽ സഫാദിക്കും അഹമദ് അൽ സദൂൻ അഭിനന്ദന സന്ദേശം അയച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

