കുവൈത്തിന്റെ ആകാശത്ത് ഇനി ഒരു മാസക്കാലം സി/2025 ആർ2 സ്വാൻ (C/2025 R2 SWAN) എന്ന വാൽനക്ഷത്രം ദൃശ്യമാകും. യുക്രൈനിയൻ ജ്യോതിശാസ്ത്രജ്ഞനായ വ്ളാഡിമിർ ബെസുഗ്ലിയാണ് കഴിഞ്ഞ മാസം ഈ വാൽനക്ഷത്രം കണ്ടെത്തിയത്.
സൂര്യാസ്തമയത്തിനു ശേഷം ബൈനോക്കുലറുകൾ ഉപയോഗിച്ച് അർധരാത്രി വരെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ സാധിക്കും.ഒക്ടോബർ 30 മുതലാണ് കുവൈത്തിൽ ദൃശ്യമാകുക.ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര മ്യൂസിയമാണ് ഈ വിവരം അറിയിച്ചത്.
ഇതൊരു ദീർഘകാല വാൽനക്ഷത്രമാണ്. ഏകദേശം 654 വർഷമാണ് ഇതിന്റെ പരിക്രമണ കാലയളവ്.വാൽനക്ഷത്രം ഒക്ടോബർ 21-ന് ഭൂമിയോട് ഏറ്റവും അടുത്ത് എത്തിയിരുന്നു.ഒക്ടോബർ 30 ഓടെ ഇതിന്റെ തീവ്രത 10.7+ മാഗ്നിറ്റിയൂഡിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.തുടർന്ന് വാൽനക്ഷത്രം ക്രമേണ മങ്ങുകയും ബഹിരാകാശത്തേക്ക് കൂടുതൽ അകന്നുപോവുകയും ചെയ്യും. ഭൂമിയിൽനിന്ന് 43 ദശലക്ഷം കിലോമീറ്റർ അകലെയാണ് നിലവിൽ സ്വാൻ വാൽനക്ഷത്രം സ്ഥിതിചെയ്യുന്നത്.

