സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ കുവൈത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഗാല്ലപ്പ് (Gallup) 2025-ൽ പുറത്തിറക്കിയ ‘ആഗോള സുരക്ഷാ റിപ്പോർട്ട്’ അനുസരിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്താണ്. നോർവേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം കുവൈത്തും ഉയർന്ന സുരക്ഷാ നിലവാരം പുലർത്തുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
ലോകമെമ്പാടുമുള്ള 144 രാജ്യങ്ങളിലെ 1,44,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഗാല്ലപ്പ് ഈ സുരക്ഷാ സൂചിക തയ്യാറാക്കിയത്. പട്ടിക പ്രകാരം, സുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനം സിംഗപ്പൂരിനും രണ്ടാം സ്ഥാനം താജിക്കിസ്ഥാനുമാണ്. അറബ് ലോകത്തെ രാജ്യങ്ങളുടെ പ്രകടനവും മികച്ചതായിരുന്നു. ഒമാൻ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും സൗദി അറേബ്യ രണ്ടാം സ്ഥാനത്തും കുവൈത്ത് മൂന്നാം സ്ഥാനത്തും എത്തി. ഏഷ്യൻ രാജ്യങ്ങളായ ചൈന, യുഎഇ എന്നിവയും റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം പ്രധാന മാനദണ്ഡമാക്കിയാണ് ഗാല്ലപ്പ് ഈ റാങ്കിങ് നിർണ്ണയിക്കുന്നത്. പട്ടികയിൽ ആദ്യ സ്ഥാനങ്ങളെല്ലാം ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സ്വന്തമാക്കിയപ്പോൾ, യൂറോപ്പിൽ നിന്ന് നോർവേ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക രാജ്യം. അതേസമയം, വ്യാപകമായ കുറ്റകൃത്യങ്ങളും ദുർബലമായ നിയമ നിർവ്വഹണ സംവിധാനവും കാരണം ദക്ഷിണാഫ്രിക്കയെയാണ് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്തിരിക്കുന്നത്. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

