കോട്ടയം സിഎംഎസ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് ഉജ്ജ്വല വിജയം. ആകെ 15 സീറ്റുകളിൽ 14 എണ്ണവും നേടിയാണ് കെഎസ്യു കോളേജ് യൂണിയൻ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് കെഎസ്യുവിന് ഇവിടെ യൂണിയൻ ഭരണം ലഭിക്കുന്നത്.
നേരത്തെ, എം.ജി. സർവ്വകലാശാല തിരഞ്ഞെടുപ്പിനിടെ കോളേജിൽ കെഎസ്യു-എസ്എഫ്‌ഐ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. അഞ്ചര മണിക്കൂറോളം നീണ്ട സംഘർഷത്തിൽ ഇരു സംഘടനകളിലെയും പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് വോട്ടെണ്ണൽ പൂർത്തിയായിട്ടും ഫലം പ്രഖ്യാപിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെഎസ്യു ശ്രമിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചപ്പോൾ, തോൽവി ഭയന്ന് എസ്എഫ്‌ഐ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കിയതാണെന്ന് കെഎസ്യു തിരിച്ചടിച്ചു. എല്ലാ തർക്കങ്ങൾക്കും ഒടുവിൽ പ്രഖ്യാപിച്ച ഫലമാണ് കെഎസ്യുവിന്റെ ഈ ചരിത്രവിജയം.

