തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം യു.ഡി.എഫ്. നേടിയ മുന്നേറ്റത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത യു.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ ജനവിധിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എൽ.ഡി.എഫിന്റെ കള്ളപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഈ ഫലം തെളിയിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
യു.ഡി.എഫ്. തികഞ്ഞ സന്തോഷത്തിലാണ്. ജനങ്ങൾ ശക്തമായ പിന്തുണ നൽകി വിജയിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടിയപ്പോൾ ജനങ്ങൾ അത് മനസ്സിലാക്കി. യു.ഡി.എഫ്. ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ മനസ്സിൽ യു.ഡി.എഫ്. ഉണ്ട് എന്നതിൻ്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയും തിരുവനന്തപുരം കവടിയാർ ഡിവിഷനിലെ വിജയിയുമായ കെ.എസ്. ശബരീനാഥൻ പറഞ്ഞു. എൽ.ഡി.എഫ്. ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം യു.ഡി.എഫ്. നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിൽ 50 എണ്ണത്തിലും യു.ഡി.എഫ്. മുന്നേറ്റം നേടിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലും സമാനമായ വലിയ നേട്ടമാണ് യു.ഡി.എഫ്. കൈവരിച്ചത്.

